കൊച്ചി: നാക് അക്രഡിറ്റേഷനിൽ സെയ്‌ന്റ് തെരേസാസ് കോളേജിന് മികച്ച നേട്ടം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിഷ്കരിച്ച വ്യവസ്ഥകൾ പ്രകാരമുള്ള നാലാം ഘട്ട മൂല്യനിർണയത്തിൽ സി.ജി.പി.എ. 3.57 സ്കോറോടെ എ പ്ളസ്, പ്ളസ് ഗ്രേഡ് കരസ്ഥമാക്കിയെന്ന് കോളേജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നാലാം ഘട്ട നാക് മൂല്യനിർണയത്തിൽ എ പ്ളസ്, പ്ളസ് ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ തന്നെ രണ്ടാമത്തെയും കോളേജാണ് സെയ്‌ന്റ് തെരേസാസ്.

കോളേജിന് 1999-ൽ നാക് അക്രഡിറ്റേഷനിൽ ഫൈവ് സ്റ്റാർ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2006-ലെ പുനർ മൂല്യനിർണയത്തിൽ എ ഗ്രേഡും 2012-ലെ മൂന്നാം ഘട്ടത്തിൽ എ ഗ്രേഡും 3.4 സി.ജിപി.എ.യും കരസ്ഥമാക്കി. മൂല്യനിർണയങ്ങളിൽ മികച്ച ഗ്രേഡ് നേടിയതിനുള്ള അംഗീകാരമായി കോളേജിന് ഇപ്പോൾ ലഭിച്ച അക്രഡിറ്റേഷന്റെ കാലാവധി രണ്ട് വർഷമായി ഉയർത്തിയിട്ടുണ്ട്.

നേട്ടം കൈവരിക്കുന്നതിന് കോളേജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിന്റെ നേതൃത്വത്തിൽ നാക് കോ-ഓർഡിനേറ്റർ ഡോ. ലത നായർ ആർ., ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. ഉഷ നായർ, ഡോ. നിർമല പത്മനാഭൻ, ഡോ. ബീന ജോബ്, ഡോ. കല എം.എസ്., ഡോ. അൽഫോൺസ വിജയ, സിസ്റ്റർ സുചിത എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. സെയ്‌ന്റ് തെരേസാസ് കോളേജ് പ്രസിഡന്റ് ഡോ. സിസ്റ്റർ ക്രിസ്, പ്രോവിൻഷ്യൽ സുപ്പീരിയറും മാനേജരുമായ സിസ്റ്റർ ക്രിസ്റ്റബെൽ, ഡയറക്ടർ സിസ്റ്റർ ഡോ. വിനീത എന്നിവരും പൂർണ പിന്തുണ നൽകി. വനിത സർവകലാശാല എന്നതിലേക്കുള്ള സെയ്‌ന്റ് തെരേസാസ് കോളേജിന്റെ ആദ്യ ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ഡോ. സജിമോൾ പറഞ്ഞു. കോളേജിന്റെ നേട്ടം കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത പറഞ്ഞു.

1925-ൽ 41 വിദ്യാർഥികളുമായി സ്ഥാപിതമായ സെയ്‌ന്റ് തെരേസാസ് കോളേജിൽ 3,500-ലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 2014-ൽ സ്വയംഭരണ പദവി ലഭിച്ച കോളേജിന് വിവിധ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്.